ഭൂമിശാസ്ത്രം
കേരളത്തിന്‍റെ പൊതുസ്ഥിതി പോലെത്തന്നെ ഈ പഞ്ചായത്തും കിഴക്കു നിന്നും പടിഞ്ഞാറോട്ട് ചെരിഞ്ഞു സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്‍റെ കിഴക്കന്‍ പ്രദേശങ്ങള്‍ ഇടനാടിന്‍റേയും പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ തീര പ്രദേശത്തിന്‍റേയും സ്വഭാവം പ്രകടിപ്പിക്കുന്നു.
എടാച്ചേരി കുന്ന്,ദേവര്‍കുന്ന്,ഓത്തുകുന്ന്,വീതുകുന്ന്,കള്ളാണം കുന്ന്, കരിയാക്കര കുന്ന്, മട്ടലായിക്കുന്ന് തുടങ്ങി ഉള്‍നാടന്‍ ചെങ്കല്‍ക്കുന്നുകളെക്കൊണ്ട് സമ്പന്നമായ പ്രദേശമാണ് ഈ ഗ്രാമപഞ്ചായത്ത്. സമുദ്രനിരപ്പില്‍ നിന്നും 104 മീ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ബൊമ്മാം കുന്നാണ് പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം. മൊത്തം വിസ്തൃതിയുടെ 75.96 ശതമാനവും ചെങ്കല്‍ കലര്‍ന്ന പാറ പ്രദേശമാണ്. പിലിക്കോട് കണ്ണങ്കൈ, മട്ടലായി, ഓലാട്ട്, വലിയപൊയില്‍, വേങ്ങാപ്പാറ, പൊള്ളപ്പൊയില്‍ എന്നിവ കട്ടികൂടിയതോ പാളികളോടു കൂടിയതോ ആയ ചെങ്കല്‍ കലര്‍ന്ന പാറ പ്രദേശമാണ്. ചെങ്കല്‍ കലര്‍ന്ന പാറ പ്രദേശം, തീരഭൂമി,ചതുപ്പ് നിലം,പുല്‍മേടുകള്‍ എന്നിങ്ങനെയുള്ള വൈവിധ്യങ്ങള്‍ പ്രദേശങ്ങള്‍ക്കുണ്ട്. പിലിക്കോട് കരപ്പാത്ത് ഭാഗത്തെ മണ്ണില്‍ ലിഗ്നേറ്റിന്‍റെ അംശവും കാണപ്പെടുന്നു. പിലിക്കോടിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ മണല്‍ മണ്ണാണ് കാണപ്പെടുന്നത്. പഞ്ചായത്തിന്‍റെ ചില ഭാഗങ്ങളില്‍ കളിമണ്ണും ലഭ്യമാണ്.
പഞ്ചായത്തിന്‍റെ ഉള്‍നാടന്‍ ചെങ്കല്‍ കുന്നുകളില്‍ നിന്നും ആരംഭിക്കുന്ന 5 അരുവികള്‍ക്കും കൂടി ആകെ 25 കി.മീ.നീളമുണ്ട്. ഒരു കാലത്ത് വര്‍ഷം മുഴുവന്‍ ഇവയിലൂടെ ജലം ഒഴുകിക്കൊണ്ടിരുന്നു. പാരിസ്ഥിതിക-ജൈവവൈവിധ്യ പ്രാധാന്യമുള്ള പ്രദേശമാണ് പിലിക്കോട്. വിശ്വാസത്തിന്‍റെ പേരിലാണെങ്കിലും വിവിധയിടങ്ങളില്‍ സംരക്ഷിക്കപ്പെടുന്ന കാവുകള്‍ ഒന്നാംതരം ജൈവവൈവിധ്യ മേഖലയെ പ്രതിനിധാനം ചെയ്യുന്നു.കരക്കക്കാവ്, ചീര്‍മ്മക്കാവ്, ഏച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്രം, ശൂലാപ്പു കാവ്, മഞ്ഞത്തൂര്‍ കാവ്, മാപ്പിടച്ചേരി കാവ്, തൊണ്ടച്ചന്‍ കാവ്(പണയക്കാട്ട്) വിവിധ പ്രദേശങ്ങളിലെ നാഗ കാവുകള്‍ എന്നിവിടങ്ങളിലൊക്കെ ജൈവവൈവിധ്യത്തിന്‍റെ ശേഷിപ്പുകള്‍ കാണാം. കാലിക്കടവിനടുത്തുള്ള കാട്വക്കാട് യഥാര്‍ത്ഥത്തില്‍ കടുവകളുടെ കാട് എന്നാണ് കരുതേണ്ടത്. പിലിക്കോട് എന്നത് പുലിക്കാടിന്റെ തത്ഭവമാണെന്നും കാണുന്നവരുമുണ്ട്. ഇവിടുത്തെ ആചാരങ്ങളിലും കാര്‍ഷിക ചടങ്ങുകളിലും ജൈവവൈവിധ്യത്തിന്‍റെ സ്പര്‍ശം കാണാം. മീനമാസത്തിലെ കാര്‍ത്തിക നാള്‍ മുതല്‍ പൂരാഘോഷത്തോടനുബന്ധിച്ച് ഉണ്ടാക്കുന്ന കാമരൂപത്തില്‍ മുരിക്കിന്‍ പൂവ്,അതിരാണി പൂവ്,കട്ടപ്പൂവ് തുടങ്ങി നമ്മുടെ ജൈവ സമ്പന്നതയെ വിളിച്ചോതുന്ന വിവിധ പൂക്കള്‍ കാണാം. കൊയ്ത്തിന്‍റെ മുന്നോടിയായി വീട്ടില്‍ നിറ കൊണ്ടാടാറുണ്ട്. ഇതിന്‍റെ ഭാഗമായി കെട്ടിയുണ്ടാക്കുന്ന നിരകോലത്തില്‍ അത്തി, ഇത്തി, ആല്‍, അരയാല്‍, കാഞ്ഞിരെ, മാവ്, പൊലുവള്ളി, സൂത്രവള്ളി, വെള്ളില, കായല്‍, (മുളകളുടെ ഇല) പെരയലം(വട്ടപ്പലം) തുടങ്ങിയ സസ്യങ്ങളുടെ ഇലകളാണ് ഉപയോഗിച്ചിരുന്നത്. ഓണം നാളുകളില്‍ ഒരുക്കുന്ന പൂക്കളിലും നമ്മുടെ ജൈവ സമ്പന്നത കണ്ടിരുന്നു.ഇത്തരം പൂക്കള്‍ ഇന്ന് സാവത്രികമല്ല എന്നത് സൂചിപ്പിക്കുന്നത് ജൈവ ശോഷണത്തെയാണ്.ഇന്ന് ഇവിടുത്തെ കാവുകളില്‍ കുന്തളപ്പാള, നന്നാവ, സൂത്രവളള, ഓരിലത്താമര, പച്ചിലപ്പൊരുള്‍, അടപരിയന്‍, ആനച്ചുവടി, ഈശ്വരമൂലി, എലിത്തടി, കരിമുത്തിള്‍, കാട്ടുതിപ്പല്ലി, പൈല്‍ എന്നിവ കണ്ടുവരുന്നു. കാവുകളില്‍ നിന്ന് ലഭിക്കുന്ന തൂവക്കായ വളരെ പോഷകാംശം നിറഞ്ഞ പഥ്യാഹാരമായി ഉപയോഗിച്ചിരുന്നു. ഗതകാലത്തിന്‍റെ ഓര്‍മ്മക്കായി ഇന്നും ഇത് കരക്കക്കാവില്‍ നിലനില്‍ക്കുന്നു. കര്‍ക്കിടകം 18 ന് 18 ഇലക്കറികള്‍ കഴിക്കണം എന്നത് പഞ്ഞമാസമായ കര്‍ക്കിടകത്തെ അതിജീവിക്കാന്‍ പഴമക്കാര്‍ കണ്ടെത്തിയ ഒരു ആശയം എന്നേ പറയാനാകൂ. മുത്തിള്‍, ചേന, ചേമ്പ്, കൊടുത്തൂവ, ചീര, മുരിങ്ങ, പൊന്നാങ്കണ്ണി, തകര, മുള്‍ച്ചീര, സാമ്പാര്‍ച്ചീര, താള് എന്നിങ്ങനെ താനെ മുളക്കുന്നതും നട്ട് വളര്‍ത്തുന്നതുമായ ഇല വിഭവങ്ങളാല്‍ സമ്പന്നമായിരുന്നു പിലിക്കോട്. ഇടനേരത്തെ മിഠായിക്ക് പകരം സമൃദ്ധമായി ലഭിക്കുന്ന ജൈവ വിഭവങ്ങളാണ് ഇവിടുത്തെ കുട്ടികള്‍ ഉപയോഗിച്ചിരുന്നത്. മൊട്ടാമ്പുളി, തേങ്ങയുടെ പൊങ്ങ്, കശുവണ്ടി മുളച്ചുവരുമ്പോളുള്ള പരിപ്പ്, നെല്ലിക്ക, വാഴക്കൂമ്പിലെ തേന്‍, പേരക്ക തുടങ്ങി നിരവധി ജൈവവൈവിധ്യ സമ്പുഷ്ടമായ വിഭവങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. കളിപ്പാട്ടങ്ങള്‍, രോഗത്തിനുള്ള മരുന്നുകള്‍, ഗാര്‍ഹികോപകരണങ്ങള്‍, വീട് നിര്‍മ്മാണ സാമഗ്രികള്‍ എന്തിനേറെ ശുദ്ധവായുവും,ശുദ്ധജലവും അടക്കം ജീവിതത്തെ സ്പര്‍ശിക്കുന്ന സമസ്തവും പ്രദാനം ചെയ്തിരുന്നത് ഇവിടുത്തെ ജൈവ വൈവിധ്യമല്ലാതെ മറ്റൊന്നുമല്ല.
60 വര്‍ഷം മുമ്പ് 90% വീടുകളും ഓലമേഞ്ഞതായിരുന്നു. ചുമര്‍,മണ്‍കട്ട കൊണ്ട് നിര്‍മ്മിച്ചതും മേല്‍ക്കൂര മേയാനുള്ള പുരപ്പുല്ല്,ഓല,കവുങ്ങ്,മുള എന്നിവ പ്രാദേശികമായിത്തന്നെ ലഭിച്ചതും ആയിരുന്നു. എന്നാല്‍ വീടുനിര്‍മ്മാണത്തിനും പറമ്പുകളുടെ അതിരുകള്‍ കെട്ടുന്നതിനും വെട്ടുകല്ല് വ്യപകമായി കുഴിച്ചെടുക്കാനും കയറ്റിയയക്കാനും തുടങ്ങി.വീടുകളുടെ വലുപ്പവും, ഫര്‍ണ്ണീച്ചര്‍ ഉപയോഗത്തിലെ വര്‍ദ്ധനവും മരങ്ങളുടെ ശോഷണത്തിന് ആക്കം കൂട്ടി. അണുകുടുംബങ്ങളുടെ വ്യാപനം വയലുകളുടേയും തണ്ണീര്‍ത്തടങ്ങളുടേയും നികത്തലിനും കാരണമായി. ബഹുമുഖവും സങ്കീര്‍ണ്ണവുമായ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്കാണ് ഇവനയിക്കുന്നതെന്ന് സ്പഷ്ടം.
പ്രദേശത്തിന്‍റെ ജൈവവൈവിധ്യത്തിന് നമ്മുടെ പ്രദേശത്തിന്‍റെ സ്ഥാനത്തിനും മണ്ണിന്‍റെ ഘടനയ്ക്കും ഭൂപ്രകൃതിക്കും വലിയ സ്ഥാനമുണ്ട് എന്നതില്‍ തര്‍ക്കമില്ല. ഉത്തര അക്ഷാംശം 120 17ı യിലും പൂര്‍വ്വ രേഖാംശം 750 10ı ഉള്‍പ്പെടുന്ന ഉഷ്ണമേഖലാ പ്രദേശത്താണ് പിലിക്കോടിന്റെ സ്ഥാനം.തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണിന്‍റെ സ്വാധീന പ്രദേശമായതുകൊണ്ട് താളം തെറ്റാതെയുള്ള വര്‍ഷപാതത്തിന് വിധേയമായി ശക്തി കുറവാണെങ്കിലും കിനിഞ്ഞിറങ്ങാനുള്ള സാവകാശം ലഭിക്കുന്നതുകൊണ്ട് വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ ഭൂഗര്‍ഭ ജലനിരപ്പ് സമ്പന്നമാക്കാന്‍ കാരണമായി. ഇത് നമ്മുടെ ഉള്‍നാടന്‍ ചെങ്കല്‍ക്കുന്നുകളെ അരുവികളുടെ ഉത്ഭവ കേന്ദ്രമാക്കി മാറ്റി. വര്‍ഷം മുഴുവന്‍ ജലം പ്രദാനം ചെയ്യുന്ന അരുവികള്‍ നമ്മുടെ കാര്‍ഷിക സമ്പന്നതയ്ക്കും മണ്ണിന് അനുസരിച്ച ജൈവവൈവിധ്യത്തിനും ജീവിത രീതിക്കും കാരണമായി. കാലാവസ്ഥാ മാറ്റം നമ്മുടെ പ്രദേശത്തെ മാറ്റിക്കൊണ്ടിരിക്കുന്നതും ഈ പശ്ചാത്തലത്തെ വിലയിരുത്തപ്പെടേണ്ടതാണ്.