പെരിയ പോളത്താളി എന്ന അപൂർവ്വ ജല സസ്യത്തിന് കരുതലായി പിലിക്കോട് ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി.
അതീവഗുരുതരമായ വംശ നാശ ഭീഷണി നേരിടുന്ന പെരിയ പോളത്താളിയെ സംരക്ഷിക്കാൻ
പിലിക്കോട് ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ പ്രവർത്തനങ്ങൾക്ക് ആവേശകരമായ തുടക്കം. ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ കൊടക്കാട്
പാടിക്കീൽ അയ്യങ്ങാ കുള പരിസരത്ത് പെരിയ 'പോളത്താളി : പഠനവും സംരക്ഷണവും ' കൂട്ടായ്മ സംഘടിപ്പിച്ചു.
'ക്രൈനം മലബാറിക്കം' എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന പെരിയ പോളത്താളിഎന്ന ജല സസ്യം വടക്കൻ മലബാറിലെ അപൂർവം ഗ്രാമങ്ങളിൽ മാത്രമേ കണ്ടു വരുന്നുള്ളൂ.
അൽഷിമേഴ്സ് ( മറവി രോഗം),ഡിമെൻഷ്യ, പാർക്കിൻസൺസ് എന്നീ
രോഗങ്ങൾക്കുള്ള
ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്ന 'ഗാലന്തമൈൻ' (Galanthamine) എന്ന രാസ സംയുക്തത്തിൻ്റെ സാന്നിധ്യം പോളത്താളിയുടെ കിഴങ്ങുകളിൽ
അടങ്ങിയിട്ടുണ്ടെന്ന ശാസ്ത്രീയ കണ്ടെത്തലുകളും മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് ഈ സസ്യം ശ്രദ്ധേയമാകുന്നത്.
ആഗസ്ത് മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ പുഷ്പിക്കുന്ന ഈ സസ്യത്തെ
ജില്ലാ പഞ്ചായത്ത് ജില്ലയുടെ ഔദ്യോഗിക സസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന്
ലോകത്തിലെ നിരവധി സസ്യശാസ്ത്ര ഗവേഷകർ തുടർ ഗവേഷണങ്ങൾക്കായി പെരിയയിൽ എത്തുന്നുണ്ടത്രെ.
ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ഈ ചെടികൾക്കിടയിൽ ധാരാളം മീനുകൾ പ്രജനനം നടത്തുന്നു. ലില്ലി മോത്ത് എന്ന നിശാ ശലഭങ്ങളുടെ ലാർവകളുടെ ഇഷ്ടഭക്ഷണമാണ് പോളിത്താളിയില.
ഉത്തര മലബാറിലെ ചെങ്കൽ കുന്നുകളിൽ നിന്നുത്ഭവിക്കുന്ന അരുവികളിൽ മാത്രം കാണപ്പെടുന്ന അപൂർവ സസ്യമാണ് പെരിയ പോളത്താളി. മനോഹരമായ പൂക്കളോടുകൂടിയ ഇവയെ ആദ്യമായി കണ്ടെത്തിയത് പെരിയയിലാണ്. 2012ൽ മഹാരാഷ്ട്രയിലെ കോലാപ്പൂർ സർവകലാശാലയിലെ ഗവേഷകരാണ് ഇവയെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. ഇതിനെ തുടർന്നാണ് ചെടിക്ക് പെരിയ പോളത്താളി എന്ന് പേര് ലഭിച്ചത്.
ഉള്ളിയുടേതിന് സമാനമായ കാണ്ഡം പൂർണമായും മണ്ണിനടിയിലാണ്. രണ്ടു മുതൽ നാലു മീറ്റർ വരെ നീളമുള്ള നീണ്ട ഇലകൾ പുഷ്പികൾക്കിടയിലെ ഏറ്റവും നീളം കൂടിയതാണ്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പൂങ്കുലകളിൽ ആറുമുതൽ 13 വരെ പൂക്കളുണ്ടാകും. ചുവപ്പുകലർന്ന വെളുപ്പുനിറത്തിലുള്ള സുഗന്ധമുള്ള പൂക്കൾ പൂക്കളത്തിന് ഉപയോഗിക്കാറുണ്ട്.ചെങ്കൽ ഖനനവും റബ്ബർ തോട്ടങ്ങളുടെ വ്യാപനവുമാണ് ഇവയുടെ നിലനിൽപ്പിന് വലിയ ഭീഷണി.
' ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നാച്വർ, ചെന്നൈ ആസ്ഥാനമായുള്ള ഔട്ട്റീച്ച് ഓർഗനൈസേഷൻ, പെരിയ ഉൾപ്പെടെ ലോകത്ത് ആറിടത്ത് മാത്രം കാണപ്പെടുന്ന ഈ ജല സസ്യത്തെ പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ പാടിക്കീൽ അയ്യങ്ങാ കുളത്തിനിടത്ത് കണ്ടെത്തിയതോടെയാണ് പിലിക്കോട് ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി സംരക്ഷണ പ്രവർത്തനവും പഠനവും സംരക്ഷിക്കാൻ തീരുമാനിച്ചത്. കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ശാസ്ത്രാധ്യാപിക കെ.പി.
സിന്ധുവിൻ്റെ ഗൈഡിൽ വിദ്യാർഥികളായ കെ വി ഗൗതം, നിവേദ് സുരേഷ് അവരുടെ ഗവേഷണ പഠനത്തിൻ്റെ ഭാഗമായി പാടിക്കീലിലെ പൊതു പ്രവർത്തകരുടെ നേതൃത്വത്തിൽ ദിവസങ്ങളോളം നടത്തിയ തലങ്ങും വിലങ്ങും യാത്രയെ തുടർന്നാണ് ഈ സസ്യത്തെ കൊടക്കാട് ഗ്രാമത്തിൽ കണ്ടെത്തിയത്.
കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ
ഓണാഘോഷത്തിൻ്റെ ഭാഗമായി ഇക്കോ ക്ലബ്ബ് " ഓണപ്പൂക്ക ഇത്തിലെ നാടൻ പൂക്കൾ" എന്ന പേരിൽ പൂക്കള മത്സരം സംഘടിപ്പിച്ചിരുന്നു. എമ്പേറ്റിലെ ഒരു വീട്ടിൽ ഒരുക്കിയ പൂക്കളത്തിൽ നല്ല മണമുള്ള ഒരു അപൂർവ്വ പൂവിൻ്റെ ഉറവിടം തേടിയുള്ള യാത്രയാണ് പെരിയ പോളിത്താളിയുടെ കൊടക്കാട്ടെ സാന്നിധ്യം കണ്ടെത്തിയത്. കാസർകോട്, കണ്ണൂർ ജില്ലകളിലെ ചീമേനി, അരവഞ്ചാൽ, പെരിങ്ങോം, എമ്പേറ്റ് എന്നിവിടങ്ങളിലെ ചെങ്കൽക്കുന്നുകളോട് അനുബന്ധിച്ച തോടുകളിലാണ് ഇതിന് മുമ്പ് ഈ അപൂർവ ജല സസ്യത്തെ രേഖപ്പെടുത്തിയിട്ടുള്ളത്.
പിലിക്കോട് ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ റെജിസ്റ്റിൽ പെരിയ പോളത്താളി ഇടം നേടിയില്ല എന്ന വിവരവും കുട്ടികൾ പഠനത്തിൻ്റെ ഭാഗമായി മനസ്സിലാക്കി.
പോളത്താളിയുടെ ജൈവ വൈവിധ്യ പ്രാധാന്യം പഞ്ചായത്തധികൃതരെ ബോധ്യപ്പെടുത്തിയത് ഈ കുട്ടി ശാസ്ത്രജ്ഞരാണ്.
പോളത്താളിയുടെ കണക്കെടുപ്പ്, ഇവയുടെ ജൈവവൈവിധ്യ പ്രാധാന്യത്തെ കുറിച്ച് പ്രാദേശിക ജനവിഭാഗങ്ങൾക്കിടയിലുള്ള ബോധവൽക്കരണം, ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി ഏറ്റെടുക്കാൻ തീരുമാനിച്ചത് ഇതോടെയാണ്.
ജൈവ വൈവിധ്യ പരിപാല സമിതിയുടെ നേതൃത്വത്തിൽ
പാടിക്കീൽ അയ്യങ്ങാകുള പരിസരത്ത് നടന്ന ചടങ്ങിൽ
പിലിക്കോട് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.കെ ഹരിദാസ് അധ്യക്ഷത വഹിച്ചു.പിലിക്കോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി മധുസൂദനൻ, അധ്യാപിക കെ പി സിന്ധു, വിദ്യാർഥികളായ കെ. വി.ഗൗതം ,
നിവേദ് സുരേഷ് എന്നിവർക്ക് സാക്ഷ്യ പത്രം വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത് മെമ്പർ സി സന്ധ്യ ഉപഹാരങ്ങൾ സമ്മാനിച്ചു.
കൊടക്കാട് നാരായണൻ, കൊടക്കാട്
കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക
ടി. കാഞ്ചന ,
കെ ശശിധരൻ അടിയോടി പ്രസംഗിച്ചു.
സിന്ധു കെ. വി,
ഗൗതം കെ.വി,
നിവേദ് സുരേഷ്, എന്നിവർ പഠന ഫലങ്ങൾ അവതരിപ്പിച്ചു. ജൈവ വൈവിധ്യ പരിപാലന സമിതി കൺവീനർ
കൺവീനർ ടി.വി. ശ്രീധരൻ മാസ്റ്റർ സ്വാഗതവും പ്രദീപ് കൊടക്കാട് നന്ദിയും പറഞ്ഞു.
കൊടക്കാട്
കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഹൈ സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.